Monday, September 7, 2009

നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം, പിന്നത്തേതുംഎവിടെ തിരിഞ്ഞാലും കേള്‍ക്കാം പുതിയപാട്ടുകളെല്ലാം നിലവാരം കുറഞ്ഞവയാണെന്ന്. പുതിയ പാട്ടുകളെന്നത് ഏത് കാലത്തേതാണെന്ന് ചോദിച്ചാല്‍ എന്താവും മറുപടി - ഏകദേശം ഒരു 1995 ഡിസംബര്‍ അവസാനം എന്നാണോ?

നമ്മുടെ ഒരു ‘ഗാനതര്‍പ്പണക്കാര’നുണ്ട്. മൂപ്പര്‍ക്ക് വയലാറൊഴിച്ച് ആരെയും പഥ്യമല്ല. പണ്ടൊരിക്കല്‍ കലാകൌമുദിയില്‍ തര്‍പ്പണം നടത്തുമ്പോള്‍ ഒ എന്‍ വിയുടെ ഏതോ ഒരുഗാനത്തിനു കവ്യാംശമുണ്ടെന്നു കണ്ടെത്തിയ മഹാനാണ് ഇദ്ദേഹം. ഇത് വായിച്ച് വായിച്ച് ഇപ്പോ ഗാനാസ്വാദകര്‍ക്ക് അറിയാവുന്ന രണ്ട്പേര്‍ വയലാറും ദേവരാജനും മാത്രം. കൊള്ളാവുന്ന എല്ലാ പ്രണയഗാനങ്ങളും ഇവരുടെ മേല്‍ ചാര്‍ത്തുന്നു. പാവം ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും!

ഇപ്പോഴത്തെ ഗാനങ്ങളില്‍ ലൈംഗീകതയുടെ അതിപ്രസരമെന്നും ആക്ഷേപമുണ്ട്. മാറുമറയ്ക്കാതെ നടന്ന ഒരു തലമുറയുടെ പിന്‍ ഗാമികള്‍ വസ്ത്രധാരണത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വാചാലരാകുന്നതു പോലെ.

ഒരു ഉദാഹരണം
വിവാഹിത എന്ന സിനിമയിലെ ഗാനം
രചന നമ്മുടെ വയലാര്‍
എങ്കില്‍ സംഗീതം ദേവരാജന്‍ ആകാതെ വയ്യ.

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈഗാനം...

ഒരു കാലത്തെ ‘യുവ’ ആയി ത്രസിപ്പിച്ച ഗാനം.
എന്റെ കൌമാര സ്വപ്നങ്ങളെ താലോലിച്ചഗാനം.

അതിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്ക് കടക്കുമ്പോഴോ...
അനുപല്ലവി ഇങ്ങനെ -

‘പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ
മറക്കുവനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുനേകഴിയൂ...’

ഞാന്‍ മനസ്സിലാക്കിയ അര്‍ഥം വിശദമാക്കാം. കവി അങ്ങനെ യല്ല ഉദ്ദേശിച്ചത് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ ക്ഷമിക്കുക.

കാമുകിയുടെ കല്യാണം കഴിഞ്ഞു. ദാമ്പത്യ വല്ലരിയിലേക്ക് അവള്‍ പ്രവേശിച്ചു കഴിഞ്ഞു. സ്വാഭാവിക മായും അവിടെ ചില നടപടിക്രമങ്ങളൊക്കെയുണ്ട്. ജീവിതയാഥാര്‍ത്യത്തിനു മുന്നില്‍ അവള്‍ “മറയില്ലാതെ’’ നില്‍ക്കേണ്ടിവരും. അങ്ങനെ നില്‍ക്കുമ്പോഴുള്ള കാര്യങ്ങളോര്‍ത്താണ് നായകന് വേവലാതി.
നിറഞ്ഞമാറിലെ (പാല്‍ നിറഞ്ഞ മാറാണോ നെഞ്ച് നിറഞ്ഞിരിയ്ക്കുന്ന മാറാണോ അവോ. എന്തായാലും നിറഞ്ഞ മാറ് ) ആദ്യ നഖക്ഷതം - എന്നുവച്ചാല്‍ മേപ്പടി നായകന്‍ ഒരു പഞ്ചപാവമല്ല, മറിച്ച് അക്രമണ സ്വഭാവമുള്ള (സാഡിസ്റ്റ്?) ഒരാളാണെന്ന് വ്യക്തം. അനവധി നഖക്ഷതങ്ങള്‍ ഉണ്ടായതില്‍ ആദ്യത്തേത് മാത്രം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല ( അദ്യമായി കിട്ടിയപ്പോള്‍ ആക്രാന്തം. പിന്നെ കാര്യങ്ങള്‍ പഠിച്ചു, പാടുകള്‍ ഒഴിവാക്കാന്‍ പത്ത് എളുപ്പ വഴികള്‍ എന്നെഴുതിയ വനിത പിന്നീടാണ് നായിക കൊടുക്കുന്നത്).
ഇവരുടെ പരിശുദ്ധ ബന്ധിനിടയിലാണ് അതുവരെ പെണ്ണിന്റെ മുഖത്ത് നോക്കുക കൂടിചെയ്യാത്ത ക്രൂരനായ വരന്‍ കടന്നു വരുന്നത്. അവന്റെ കണ്ണുവെട്ടിക്കാനുള്ള വഴിയൊക്കെ നമ്മുടെ ശാലീനയായ സുമംഗലിക്കറിയാം.
‘കൂന്തലാല്‍ മറയ്ക്കുവനേ കഴിയൂ...’(അവള്‍ക്കതറിയാമെന്നതാണ് നായകന്റെ ഒരാശ്വാസം.)

ഒരു മണിയറയിലെ ആദ്യരാത്രിയുടെ നഖചിത്രം കവി ഗാനഗംഗയുടെ മാറില്‍ കോറിയിട്ടി രിക്കുകയല്ലേയെന്ന് തോന്നിപ്പോകും.

ഇത്തരുണത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ട ചില ഗാനശകലങ്ങള്‍ -

“തുള്ളിത്തുളുമ്പും നിന്‍ യവ്വനാംഗങ്ങളെ നുള്ളി നോവിയ്ക്കാനാവേശം.....

“എത്താത്തോര്‍ത്ത് മുലക്കച്ചയാക്കിയ മുത്തുക്കിളീമകളേ....’’

“കുളിക്കുമ്പോളൊളിച്ചുഞാന്‍ കണ്ടു
നിന്റെ കുളിരിന്മേല്‍ കുളിര്‍ചോരുമഴക്....’’

ഓര്‍മ്മകളില്‍ പഴയ കുളക്കടവുകളും കൈതക്കാടുകളും തികട്ടി വരുന്നില്ലേ. ഇന്നത്തെ തലമുറക്ക് അത്തരം ഭാഗ്യം വല്ലതുമുണ്ടോ? നാട്ടിമ്പുറത്തുപോലും ആള്‍ക്കാര്‍ വീട്ടിനകത്താക്കി കുളി. കൊച്ചുപുസ്ത കങ്ങളും കുളക്കടവുകളും നഷ്ടപ്പെട്ട ഒരു തലമുറ.
മാത്യഭൂമിയില്‍ എന്നാണാവോ ഗ്യഹാതുരമുണര്‍ത്തുന്ന ഇത്തരമൊരു ലേഖനം വരിക. കാത്തിരിക്കാം.

തുണ്ടു പല്ലവി-
ദൈവഭക്തിയുണ്ടെങ്കിലേ സംഗീതം ഉണ്ടാവുകയുള്ളൂവെന്ന് ഇപ്പോഴത്തെ മാഷുമാര്.
എന്നിട്ട് നല്ലസംഗീതത്തിനുദാഹരണം കാട്ടാന്‍ ദേവരാജന്‍ മാഷിന്റേതു തന്നെ വേണം.